Thursday, September 29, 2016

നഷ്ടം


ഈ നാലു ചുമരുകള്‍ക്കിടയിലായി എന്‍റെയീ
നിറമാര്‍ന്ന ചിറകുകള്‍കൊഴിഞ്ഞു വീണു
ആ കൊച്ചു ചിറകുകള്‍ക്കിടയിലായ് എന്‍റെയീ
ഹര്‍ഷ സ്വപ്‌നങ്ങളോ ജലരേഖയായി.
നല്ലൊരു നാളെ വരുമെന്ന് ഓര്‍ത്തൊരീ
ചിറകുകളില്‍ശക്തി  ഞാന്‍കോര്‍ത്തു വച്ചു
അകമേ ഒരുങ്ങുന്ന യാഗ കര്‍മ്മങ്ങള്‍ക്ക്
പുറമേ മന്ത്രോച്ചാരണമായി
എരിയുമെന്‍ഹൃത്തിന്‍റെ ഹവന തേജസ്സില്‍
     സ്വപ്ന ബീജങ്ങള്‍എരിഞ്ഞടങ്ങി ,    
പഞ്ചപാത്രങ്ങളില്‍കാത്തൊരാ ഭസ്മത്തെ
ഉദ്രനീയങ്ങളില്‍പകര്‍ന്നു ഞാനും
നോവുമെന്‍ആത്മാവിന്‍എങ്ങലെല്ലാം
ഒരു മന്ദഹാസത്തിനുള്ളിലായി
നീറുമെന്‍ചിത്തത്തിനുള്ളിലെ ചൂളയില്‍
കനലുകളില്‍ചാരം പടര്‍ന്നുകയറി
ആളും അരങ്ങും ഒഴിഞ്ഞൊരീ തിണ്ണയില്‍
ഒരു വേള ആതിര വിരുന്നിനെത്തും
ഹോമത്തിലെരിയാത്ത സ്വപ്ന ബീജങ്ങളില്‍
ഒരു നാമ്പിനായി ഞാന്‍കാത്തിരിക്കാം
ആ നാളില്‍അന്നേരം ഞാനെന്‍ചിറകുമായി
ദിക്കുകള്‍താണ്ടി പറന്നുയരും
എഴാം കടലിന്നു അക്കരെ നിന്ന് ഞാന്‍
വൈഡൂര്യമായി തിരികെയെത്തും !
                                                                                       

                                                                                                                                                    അമല്‍ദേവ് കെ

Tuesday, August 16, 2016

മകള്‍



അറിയാം എനിക്കൊരു നാളില്‍ നിനക്കെന്‍റെ
ചിറകിന്‍റെ തണലില്ലാതെ നീങ്ങാം
അറിയാം എനിക്കു നിന്‍ മൊഴിമുത്തു ഒരുവേള
എന്നോ എനിക്കറിയതെയാവാം
നിന്നില്‍ തുടിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മറുപടി
എന്നില്‍ അജ്ഞാതമാവാം
നിന്നിലെ മാനസം താരകള്‍ക്കപ്പുറത്തുള്ളൊരു
ഭുവനങ്ങളള്‍ തേടിയേക്കാം
എങ്കിലും എന്‍റെ പൊന്‍ മകളേ ഇന്നു നീ
എന്നിലെ ചൈതന്യമായിടുന്നു
നിന്‍റെ കുസൃതിയും കൊഞ്ചലും ഇന്നെന്‍റെ
ഹൃദയംഗമായൊരു ആത്മഹര്‍ഷം
നിന്നില്‍ മുളയിടും ഒരു കൊച്ചു ബാഷ്പവും
എന്നിലെ സംഭ്രമം  ഏറ്റിടുന്നു
നിന്നിലെ പുഞ്ചിരി കാണുവാനായി നമ്മുക്കൊ-
ന്നിച്ചോരീ പന്ത്കളി കളിക്കാം
കൊലുസ്സിന്‍റെ കൊഞ്ചലണിയുന്ന പാദങ്ങള്‍
മുള്ളുകള്‍ കൊള്ളാതെ കാത്തു വെക്കാം
ഈ പിഞ്ചു കൈകളില്‍ കരിപുരളാതെ ഞാന്‍
ഈ സരണികളിലേക്കാനയിക്കാം
അറിയാം എനിക്കൊന്നുമറിയാത്തതാകുമീ
മാറുന്ന ലോകത്തിന്‍ ചിന്തനകള്‍
അറിയാം ഒന്നെനിക്കെങ്കിലും ആത്മാജേ
അറിയാം എനിക്കുനിന്‍ ഹൃദയതാളം
                                          അമല്‍ദേവ് .കെ

Friday, April 1, 2016

നാളെ




കളകളം പാടുന്നൊരരുവി തന്‍ ചാരെ
ഇനിയെന്ന് കാണുമീ കൈതോലകള്‍?
കൈതോല നെയ്തൊരു പായതന്‍ മേലെ
ഇനിയെന്ന് നിദ്രയെ പുല്‍കീടും ഞാന്‍?
ഞാനെന്നുമോര്‍ക്കുന്ന കുയിലിന്‍റെ നാദം
ഇനിയെന്ന് കേള്‍ക്കുമെന്‍ കുഞ്ഞാറ്റകള്‍?
കുഞ്ഞാറ്റ പാടുമീ പാട്ടിന്‍റെ വരികളില്‍
പച്ചപ്പുകള്‍ക്കിന്നു സ്ഥാനമില്ല!
സ്ഥാനം കൊടുക്കേണ്ട ഞാനെന്ന ഭാവം
പച്ചപ്പുകള്‍ വെട്ടി മാറ്റുന്നിതാ!
മാന്ത്രിക കൈകളാല്‍ കുന്നുകള്‍ മേടുകള്‍
സമതലം ആക്കുന്നു നമ്മളിന്നു!
തെളിനീര് ടാങ്കറില്‍ വാങ്ങുന്ന കാഴ്ചകള്‍
കുഞ്ഞാറ്റ ഓര്‍ക്കേണ്ട ബാല്യകാലം!
മീന മാസത്തിന്‍റെ ചൂടിന്‍റെ ശൌര്യം
നാളുകള്‍ കൊഴിയുമ്പോൾ  എറീടുന്നു!
ഒരു തുള്ളി ദാഹജലത്തിനായി ലക്ഷങ്ങള്‍
കോടികള്‍ നല്‍കുന്ന നേരമെത്തും!
നേരമെത്താനായി കാത്തുനില്‍ക്കാതെ നാം
കൈകോര്‍ത്തിടാം  നല്ല നാളുകള്‍ക്കായി!
നാളെകള്‍ക്കായി ഞാന്‍ മാറ്റി വെപ്പിച്ചീടാം
ഇനിയുള്ള കുന്നും പുല്‍മേടയും
നമ്മുടെ പൂര്‍വികര്‍ എത്രയോ ത്യാഗത്താല്‍
നല്‍കീ നമുക്കിന്നീ ജീവിതത്തെ
ജീവിത സമരത്തിലൂടെ നാം പൊരുതണം
ഇനിയുള്ള നല്ലൊരു തലമുറയ്ക്കായി