അറിയാം എനിക്കൊരു നാളില്‍ നിനക്കെന്‍റെ
ചിറകിന്‍റെ തണലില്ലാതെ നീങ്ങാം
അറിയാം എനിക്കു നിന്‍ മൊഴിമുത്തു ഒരുവേള
എന്നോ എനിക്കറിയതെയാവാം
നിന്നില്‍ തുടിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക്
മറുപടി
എന്നില്‍ അജ്ഞാതമാവാം
നിന്നിലെ മാനസം താരകള്‍ക്കപ്പുറത്തുള്ളൊരു
ഭുവനങ്ങളള്‍ തേടിയേക്കാം
എങ്കിലും എന്‍റെ പൊന്‍ മകളേ ഇന്നു നീ
എന്നിലെ ചൈതന്യമായിടുന്നു
നിന്‍റെ കുസൃതിയും കൊഞ്ചലും ഇന്നെന്‍റെ
ഹൃദയംഗമായൊരു ആത്മഹര്‍ഷം
നിന്നില്‍ മുളയിടും ഒരു കൊച്ചു ബാഷ്പവും
എന്നിലെ സംഭ്രമം ഏറ്റിടുന്നു
നിന്നിലെ പുഞ്ചിരി കാണുവാനായി നമ്മുക്കൊ-
ന്നിച്ചോരീ പന്ത്കളി കളിക്കാം
കൊലുസ്സിന്‍റെ കൊഞ്ചലണിയുന്ന പാദങ്ങള്‍
മുള്ളുകള്‍ കൊള്ളാതെ കാത്തു വെക്കാം
ഈ പിഞ്ചു കൈകളില്‍ കരിപുരളാതെ ഞാന്‍
ഈ സരണികളിലേക്കാനയിക്കാം
അറിയാം എനിക്കൊന്നുമറിയാത്തതാകുമീ
മാറുന്ന ലോകത്തിന്‍ ചിന്തനകള്‍
അറിയാം ഒന്നെനിക്കെങ്കിലും ആത്മാജേ
അറിയാം എനിക്കുനിന്‍ ഹൃദയതാളം
അമല്‍ദേവ് .കെ
No comments:
Post a Comment